Kerala
കോട്ടയം: അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ പാചകവാതക ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാകുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി കത്തയച്ചു.
വൃദ്ധജന സംരക്ഷണവും രോഗീപരിചരണവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനോ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനോ സാധിക്കുകയില്ല.
ഇത്തരം സ്ഥാപനങ്ങളില്‍ പാചകവാതക സിലിണ്ടറുകള്‍ പ്രത്യേക പരിഗണനയോടെ നല്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. ചുവെരഴുതിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവിടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സംവിധായകൻ മേജർ രവിയെ സ്ഥാനാർഥിയാക്കാൻ ധാരണയായതാണ് വിവരം.
രാഷ്ട്രീയ യുദ്ധത്തിന് ഇറങ്ങുകയാണോ എന്ന് ചോദിച്ചപ്പോൾ 'എന്നെ കുറിച്ച് എപ്പോൾ പറയണം എങ്കിലും നിങ്ങൾക്ക് യുദ്ധം വേണമല്ലേ' എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രചാരണത്തിന് ഇറങ്ങി എന്നത് ശരിയാണെന്ന് മേജർ രവി വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ തനിക്ക് സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥിരീകരണം നൽകാനാവില്ലെന്നും മേജർ രവി പറഞ്ഞു.
ഒറ്റപ്പാലം സമാധാനമുള്ള മതസൗഹാർദം നിലനിൽക്കുന്ന വയലൻസ് ഇല്ലാത്ത പ്രദേശമാണെന്ന് മേജർ രവി പറഞ്ഞു. താനൊരു പച്ച വള്ളുവനാടൻകാരനാണ്. 'കുട്ട്യേ എവിടെപ്പോയി, കുട്ട്യേ കാണാനില്ലല്ലോ' എന്നെല്ലാം ഇവിടത്തെ അമ്മമാർ പറയുന്നതു കേൾക്കുമ്പോൾ ആ ഭാഷയിൽ തന്നെയുണ്ടൊരു ഭംഗിയെന്ന് മേജർ രവി പറഞ്ഞു. തന്റെ വോട്ട് ഇപ്പോൾ എറണാകുളത്താണ്. അത് ഇങ്ങോട്ട് മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.
Kerala
കണ്ണൂർ: വികസന, ക്ഷേമകാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും ചെയ്യുന്നില്ലെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. കേന്ദ്ര പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല.
എല്ലാം ശരിയാക്കു മെന്ന് പറഞ്ഞ് അധികാരത്തിൽ വന്നിട്ട് മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽപോലും ഒന്നും ചെയ്തില്ലെന്ന് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും പറഞ്ഞു.
ബിജെപി മമ്പറത്ത് സംഘടിപ്പിച്ച മെഗാ അദാലത്തിനിടെ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു ഇരുവരും. വികസിത ഭാരതം എന്ന സങ്കല്പത്തിൽ കേരള വികസനം എന്നത് കൂടിയാണെന്നും അവർ വ്യക്തമാക്കി.
National
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രി എൽ. മുരുഗൻ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ അധികാരത്തിലെത്തുകയെന്നും മുരുഗൻ അവകാശപ്പെട്ടു.
"സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് അവർ ആഗഹിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പാകണമെങ്കിൽ എൻഡിഎ തന്നെ അധികാരത്തിലെത്തണം.'-മുരുഗൻ പറഞ്ഞു.
"സ്റ്റാലിന്റെ ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. സംസ്ഥാനത്തെ എല്ലാ മേഖലകളെയും അവർ തകർത്തു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചിലത് ചെയ്യുന്നു എന്നല്ലാതെ ഒന്നും അവർ നടപ്പാക്കുന്നില്ല. അതിനാൽ തന്നെ ഡിഎംകെ തകർന്നടിയും'.-മുരുഗൻ പറഞ്ഞു.
"ഇന്ത്യ സഖ്യം തകർന്നിരിക്കുകയാണ്. പാർട്ടികൾ എല്ലാം സഖ്യം വിടുകയാണ്. ജയിക്കുമെന്ന് ആർക്കും ഉറപ്പില്ല. എൻഡിഎ വിജയിക്കുമെന്ന് എതിരാളികൾക്ക് പോലും ഉറപ്പാണ്.'-മുരുഗൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന്റെ രാജ്യാന്തര സർവീസിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാനമന്ത്രിക്കു കത്തെഴുതി കോണ്‍ഗ്രസ് എംപി ഗുർജീത് സിംഗ് ഓജ്ല.
കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ഉയർന്ന നിരക്ക് നൽകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നില്ല. പ്രവർത്തിക്കാത്ത വിനോദ ഉപകരണങ്ങൾ (സീറ്റിനു പിന്നിലെ സ്ക്രീൻ), തകർന്ന സീറ്റുകൾ, വൃത്തിഹീനമായ സാഹചര്യം തുടങ്ങിയവ നിമിത്തം യാത്രക്കാർ കഷ്ടപ്പെടുന്നതായി കത്തിൽ പറയുന്നു.
എയർ ഇന്ത്യ വിമാനങ്ങൾ നവീകരിക്കുന്നുണ്ടെങ്കിലും അതു പൂർത്തിയാകാൻ രണ്ടു വർഷത്തോളം കാത്തിരിക്കണം. അതുവരെ യാത്രക്കാർ ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ സാധിക്കില്ല.
കാനഡ, ഓസ്ട്രേലിയ, യുകെ, യുഎസ് റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ അടിയന്തര പരിശോധനയും ഓഡിറ്റും നടത്തണമെന്ന് ഓജ്ല കത്തിൽ ആവശ്യപ്പെട്ടു. ദീർഘദൂര യാത്രയിൽ നേരിട്ട ദുരനുഭവത്തെത്തുടർന്ന് യാത്രക്കാരനു നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ മാസം എയർ ഇന്ത്യയോട് ഉപഭോക്തൃ കമ്മീഷൻ നിർദേശിച്ചിരുന്നു.
Kerala
തൃശൂർ: ഔദ്യോഗികവാഹനം എത്താൻ വൈകിയതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യാത്ര ചെയ്തത് ഓട്ടോറിക്ഷയിൽ. ശിവരാത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. വടക്കുംനാഥ ക്ഷേത്രത്തിനു സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്.
ചടങ്ങിൽ പങ്കെടുത്ത് വേഗത്തിൽ മടങ്ങാൻ നിന്ന മന്ത്രിക്കരികിലേക്കു വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടൻ ഓട്ടോയിൽ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു.
സുരേഷ് ഗോപി ഓട്ടോയിൽ കയറിയതിനു പിന്നാലെ ഗണ്മാൻ വേഗത്തിൽ ഓട്ടോഡ്രൈവർക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകംതന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗികവാഹനം സ്ഥലത്തെത്തി.
Kerala
കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.
ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ വിശദീകരണവുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയെന്ന് പിയൂഷ് ഗോയൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിൽ ഇത് പറയാൻ പ്രതിപക്ഷം അനുവദിച്ചില്ലെന്നും പിയുഷ് ഗോയൽ പറഞ്ഞു.
അയൽ രാജ്യങ്ങളെക്കാൾ മികച്ച കരാറാണ് ഇന്ത്യയ്ക്ക് കിട്ടിയത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് കരാർ യാഥാർഥ്യമായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ സൗഹൃദം കരാർ യാഥാർഥ്യമാക്കാൻ സഹായിച്ചെന്നും വാണിജ്യ മന്ത്രി വ്യക്തമാക്കി.
കാർഷിക - ക്ഷീര ഉത്പന്നങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കിയുള്ള കരാറാണ് അമേരിക്കയും ഇന്ത്യയും തമ്മിൽ ധാരണയിലെത്തിയതെന്നും പിയൂഷ് ഗോയൽ വിവരിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് വലിയ നേട്ടം ഉണ്ടാകും.
ലക്ഷകണക്കിന് രൂപയുടെ നിക്ഷേപം കരാറിലൂടെ കിട്ടും. സംയുക്ത പ്രസ്താവനയും വിശദാംശങ്ങളും വൈകാതെ പുറത്തു വിടും എന്നും പിയൂഷ് ഗോയൽ വിവരിച്ചു. കരാറിന്റെ വിശദാംശങ്ങൾ തയാറാക്കുന്നത് അന്തിമ ഘട്ടത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-യുഎസ് കരാറിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി കള്ളം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പ് എന്നും പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. 50 ശതമാനം താരിഫ് വന്നപ്പോൾ കരാറെവിടെ എന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു.
ഇപ്പോൾ കരാർ യാഥാർഥ്യമാകുമ്പോൾ അതിനെതിരെ പ്രചാരണം നടത്തുകയാണ് കോൺഗ്രസടക്കമുള്ള പാർട്ടികൾ. മുമ്പ് കോൺഗ്രസ് രാജ്യത്ത് അടിച്ചേൽപ്പിച്ച ആസിയാൻ കരാർ വേണ്ടെന്നു വച്ചത് നരേന്ദ്ര മോദിയാണെന്നും ഗോയൽ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
Kerala
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലേയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്നാണ് ജയരാജൻ പറഞ്ഞത്.
പിണറായി മധ്യപ്രദേശിൽ പരിപാടിക്ക് പോയപ്പോൾ തലക്ക് വില പറഞ്ഞവരാണ് ബിജെപിക്കാർ.
ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിന്റെതെന്നും ജയരാജൻ പറഞ്ഞു. ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു.
പിഎ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കിൽ എൻഡിഎയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്നും കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
"കേന്ദ്രമന്ത്രിയുടെ പ്രസ്താവന ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണ്. ഫെഡറൽ സംവിധാനങ്ങൾക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ആർആസ്എസിന്റെ ചൊൽപടിക്ക് നിർത്താനുള്ള ശ്രമമാണിത്. നിയോ ഫാസിസത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവന.'-ഗോവിന്ദൻ കുറ്റപ്പെടുത്തി.
പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകുമെന്നും ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻഡിഎയിലേക്ക് വരണമെന്നും ആയിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പരാമര്‍ശം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും അത്താവലെ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
പാലക്കാട്: തൊഴിലുറപ്പു തൊഴിലാളികളെ കാർഷിക മേഖലയിലെ ജോലികൾക്കു വിനിയോഗിക്കാമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഓരോ പ്രദേശത്തിന്റെ സീസണും ആവശ്യവും അനുസരിച്ച് 60 ദിവസംവരെ തൊഴിലുറപ്പ് തൊഴിലാളികളെ കാർഷിക മേഖലയ്ക്കു ലഭ്യമാക്കാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു തീരുമാമെടുക്കാം.
അതേസമയം ഇക്കാരണത്താൽ തൊഴിലുറപ്പ് തൊഴിലാളിക്ക് അവകാശപ്പെട്ട 125 തൊഴിൽദിനങ്ങൾ നഷ്ടമാക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിലേറിയ അകത്തേത്തറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
National
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഡിഎംകെയുടെ അഴിമതി ഭരണം അവസാനിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായുള്ള ചെന്നൈയിലെത്തി കണ്ട ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം,
"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾക്ക് ഡിഎംകെയുടെ ഭരണം മടുത്തു. അവർ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.'-പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
എൻഡിഎയിലെ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഖ്യത്തിലെ സീറ്റ് വിഭജനത്തെ ചർച്ചകൾ ആരംഭിച്ചതായും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നു ശബരിമലയിലേക്ക് റെയിൽപാത നിർമിക്കുന്നതു സംബന്ധിച്ച് സാധ്യതാപഠനം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിഎംകെ എംപി തമിഴ് ശെൽവത്തിന്റെ ചോദ്യത്തിനു മറുപടിയായി ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സാധ്യതാ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തീരുമാനമെടുക്കും. അങ്കമാലി-ശബരി റെയിൽപാതയ്ക്ക് റെയിൽവേ ക്ലിയറൻസ് നൽകുകയും ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്ന മുറയ്ക്ക് പാത നിർമാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ തുടങ്ങിയവർ ചോദിച്ചെങ്കിലും മന്ത്രി മറുപടി നൽകിയില്ല.
National
പാറ്റ്ന: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെതിരെയും വിമർശനവുമായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. രണ്ടു പേരും ഓരേ പോലെയാണെന്നും രാഹുൽ ഇന്ത്യയിലും തേജസ്വി ബിഹാറിലും നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
"രാഹുൽ പണ്ടേ രാജ്യത്ത് നിൽക്കാൻ ആഗ്രഹമില്ലാത്ത ആളാണ്. ബിഹാർ പരാജയത്തിന് ശേഷം തേജസ്വിയും അങ്ങനെയായി. അദ്ദേഹത്തിന് ഇപ്പോൾ ബിഹാറിൽ താമസിക്കാൻ ഇപ്പോൾ ഇഷ്ടമല്ല.'-കേന്ദ്രമന്ത്രി കുറപ്പെടുത്തി.
"രണ്ട് പേരും ഒരു കാര്യത്തിൽ കൂടി ഒരോ പോലെയാണ്. ഇരുവരും രാജ്യത്തിന് പുറത്തുപോയാൽ രാജ്യത്തിനെതിരെ സംസാരിക്കും. ഇരുവരുടെയും പാർട്ടികളിൽ ഇതിൽ അമർഷമുള്ളവരുണ്ട്.'-നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.
രാഹുൽ ജർമനിക്ക് പോകുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നിത്യാനന്ദ റായ്യുടെ പ്രതികരണം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ ജർമനിയിലേക്ക് പോകുന്നത്.
ജേതസ്വി യാദവ് ബിഹാറിൽ നിന്ന് അപ്രത്യക്ഷനായെന്ന കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിത്യാനന്ദ് റായ് പറഞ്ഞിരുന്നു. തേജസ്വിക്ക് ബിഹാറിനോട് ഒരു താൽപര്യവും ഇല്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: യൂറിയ, പൊട്ടാഷ് എന്നീ വളങ്ങൾക്ക് സംസ്ഥാനത്ത് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര രാസവള മന്ത്രിക്ക്, സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് കത്തു നൽകി. കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ സപ്ലൈ പ്ലാൻ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്ക് വളം ലഭ്യമാക്കുന്നത്.
2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കേണ്ട യൂറിയയുടെ 42 % വും പൊട്ടാഷിന്റെ 53 % വും മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ.
ഇതാണ് വളക്ഷാമം നേരിടാൻ കാരണം. ഡൈ അമോണിയം ഫോസ്ഫേറ്റ്, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് എന്നീ വളങ്ങളും അലോക്കേഷന്റെ 6.6 %, 31 % ശതമാനം എന്നിങ്ങനെ മാത്രമേ ലഭ്യമായിട്ടുള്ളൂ.
കൃത്യസമയത്തെ വളപ്രയോഗം മുടങ്ങുന്നതു വിളകളുടെ ഉത്പാദനത്തെ ബാധിക്കുമെന്നതിനാൽ കേരളത്തിനു ലഭിക്കേണ്ട വളം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കേന്ദ്രത്തിനു കത്തു നൽകിയിരുന്നു.
വളത്തിന്റെ ലഭ്യത ഒരിക്കൽ കൂടി വിലയിരുത്തി 24,985 മെട്രിക് ടണ്‍ യൂറിയയും 21,096.4 മെട്രിക് ടണ്‍ പൊട്ടാഷും ഉടൻ സംസ്ഥാനത്തിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
"നെട്ടിശേരിയിൽ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരിൽ വോട്ട് ചെയ്തത്. ഇപ്പോൾ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണം.'-സുനിൽ കുമാർ കുട്ടിച്ചേർത്തു.
നേരത്തെ, തൃശൂർ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമർശനം ഉയരുന്നത്.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്റെ പ്രസംഗം.
National
പാറ്റ്ന: ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
അരാജകത്വത്തിന്റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിന്റെ വിജയമാണ്. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്റെ ഊഴമാണ്"- മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്നത്തെ യുവതലമുറ ആ പഴയ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് ഒരു ചെറിയ കാലയളവിൽ പോലും ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ, കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കണ്ടതാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.
ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 191 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 48 സീറ്റുകളിലാണ് ലീഡുള്ളത്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്ന് മുതൽ 19 വരെ നടക്കും.
ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.
പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം നിർണായകമാകും.